മാണി സി. കാപ്പന്‍​ കോണ്‍ഗ്രസില്‍ ചേരണം -മുല്ലപ്പള്ളി

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിച്ച്‌​ യു.ഡി.എഫില്‍ ചേരാനൊരുങ്ങുന്ന മാണി സി. കാപ്പന്‍​ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പന്‍ കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക്​ വരാനാണ്​ താല്‍പര്യമെന്ന്​ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ഘടകകക്ഷിയായാണ്​ ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും മാണി സി കാപ്പന്‍ പ്രഖ്യാപിച്ചതിന്​ തൊട്ടുപിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ ​പ്രതികരണം.

ഘടകകക്ഷിയായി വരാന്‍ പോകുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച പൂര്‍ണ്ണരൂപം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലോ കേരള കോണ്‍ഗ്രസിലോ​ (ജോസഫ്​ വിഭാഗം) ലയിച്ച്‌​ വേണം കാപ്പനും കൂട്ടരും യു.ഡി.എഫിലേക്ക്​ വരുന്നതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവെന്ന്​ വേണം മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കാന്‍. എങ്ങനെ വന്നാലും കാപ്പനെ സ്വീകരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.

മാണി സി.കാപ്പന്‍ മുന്നണിയിലെത്തിയത്​ യു.ഡി.എഫിന്‍റെ രാഷ്​ട്രീയ വിജയമാണെന്നും അദ്ദേഹം പാലയില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ്​ വിട്ടപ്പോള്‍ റോഷി അഗസ്റ്റിന്‍, ഡോ.എന്‍.ജയരാജ്​ എന്നിവരും പദവി രാജിവെച്ചിരുന്നില്ലെന്നും എല്‍.ഡി.എഫിന്​ ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *