തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ ചേരാനൊരുങ്ങുന്ന മാണി സി. കാപ്പന് പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കാപ്പന് കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക് വരാനാണ് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ ഘടകകക്ഷിയായാണ് ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും മാണി സി കാപ്പന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ഘടകകക്ഷിയായി വരാന്‍ പോകുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച പൂര്‍ണ്ണരൂപം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലോ കേരള കോണ്‍ഗ്രസിലോ (ജോസഫ് വിഭാഗം) ലയിച്ച് വേണം കാപ്പനും കൂട്ടരും യു.ഡി.എഫിലേക്ക് വരുന്നതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവെന്ന് വേണം മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കാന്‍. എങ്ങനെ വന്നാലും കാപ്പനെ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.
മാണി സി.കാപ്പന് മുന്നണിയിലെത്തിയത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പാലയില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വിട്ടപ്പോള്‍ റോഷി അഗസ്റ്റിന്, ഡോ.എന്‍.ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നില്ലെന്നും എല്‍.ഡി.എഫിന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
