സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്ക്കുള്ള കൊവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന് സ്വീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭര്‍ത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വാക്സിന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച വാക്സിന് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. കുത്തിവയ്പ്പ് കഴിഞ്ഞ് അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിന് സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനമായ ഇന്നലെ തിരുവനന്തപുരത്ത് മാത്രം 877 പേരാണ് വാക്സിന് എടുത്തത്. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷന്.
