തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രചാരണവാക്യം പുറത്തിറക്കി യുഡിഎഫ്. നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് പ്രചാരണവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണവാക്യം പ്രകാശനം ചെയ്തത്.
പ്രകടനപത്രിക ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരില്‍ ഉടന്‍ പുറത്തിറക്കും. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി സംശയാസ്പദമാണ്. സിപിഎം-ബിജെപി ധാരണയുടെ ഭാഗമായാണ് കിഫ്ബിക്കെതിരായ ഇഡി നടപടി. 2019 ല്‍ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം മസാലബോണ്ടിനെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഇല്ലാതിരുന്ന ഇഡി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രംഗത്തെത്തിയത് ദുരൂഹമാണ്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണിത്. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം ശത്രുതയോടെ പെരുമാറുന്നെന്ന് വിലപിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഐസക്കിന്റെ വെല്ലുവിളി തമാശയാണെന്നും ചെന്നിത്തല പരിഹസിച്ചു.
