മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണ് പാര്‍ട്ടിയുടെ രീതി. യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതിനു ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുക. അതുകൊണ്ടു തന്നെ ഇതുവരെയും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
