‘അഭിവാദ്യങ്ങള്‍, തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം’ അനുകൂലിച്ച്‌ ആഷിഖ് അബു

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ റിമ കല്ലിങ്കല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും ആരോഗ്യരംഗത്ത് അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനവും നല്‍കിയിട്ടും സി.പി.എം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…” ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാഗംങ്ങളെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മന്ത്രിസഭയെ അനുകൂലിച്ചും ശൈലജ ടീച്ചര്‍ അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തതിനെ വിമര്‍ശിച്ചും പല തരത്തിലുള്ള അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ആഷിഖ് അബുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.”നവകേരളം” എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍.

ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും, വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍, അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ

Leave a Reply

Your email address will not be published. Required fields are marked *