കോഴിക്കോട്: കേരളത്തിലെ ജനജീവിതത്തിന് ഭീഷണിയായി മാറുന്ന തെരുവുനായ്ക്കളെ പിടികൂടാന്‍ ബേബി ചെമ്മണ്ണൂര്‍ ഇറങ്ങുന്നു. നായ്ക്കളെ പിടികൂടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബോബി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. കലക്ടറുടെ അനുമതി കിട്ടിയാല്‍ ബോബി ചെമ്മണ്ണൂര്‍ നായ്ക്കളെ തേടി തെരുവിലിറങ്ങും.
ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടേണ്ടത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ബോബി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള നിരവധി പേരെയാണ് നായ്ക്കള്‍ കടിച്ചു കീറുന്നത്. നായ്ക്കള്‍ സൃഷ്ടിക്കുന്ന ഭീകരതക്ക് തടയിടാനാണ് ഇത്തരമൊരു ദൗത്യവുമായി മുന്നിട്ടിറങ്ങുന്നതെന്നും ബോബി പറഞ്ഞു. ഈ ദൗത്യത്തില്‍ തന്നോടൊപ്പം ആര്‍ക്കും പങ്കാളിയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
