ജിസാറ്റ് 18 വിക്ഷേപണം വിജയകരം

ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഏരിയാന്‍5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കന്‍ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക് (എന്‍.ബി.എന്‍)ന്റെ സ്‌കൈ മസ്റ്റര്‍ 2 ഉപഗ്രഹവും ജിസാറ്റ് 18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.

ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ് 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ്18. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഉപഗ്രഹത്തിന് സാധിക്കും.

ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ.എസ്.ആര്‍.ഒ ഉപയോഗിച്ചത്. 3404 കിലോഗ്രാമാണ് ജിസാറ്റ്18ന്റെ ഭാരം.

ഐ.എസ്.ആര്‍.ഒയുടെ 2017ലെ പദ്ധതിയായ ജിസാറ്റ്17 ഉപഗ്രഹവും ലോകത്തിലെ ഏറ്റവും വലിപ്പമേറിയ റോക്കറ്റായ ഏരിയാന്‍ 5 ഉപയോഗിച്ചാണ് വിക്ഷേപിക്കുക. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി എം.കെ. 3 റോക്കറ്റ് 2017ല്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *