തിരുവനന്തപുരം:റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയര്‍സെക്കന്‍ഡറി പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് എടുക്കാതെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുവാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ ഗതാഗത വകുപ്പ് കൈക്കൊള്ളുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാര്‍ഥികളില്‍ റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ’റോഡ് സുരക്ഷ’ എന്ന പുസ്തകം ഗതാഗത മന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കുന്ന പുസ്തകം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനത്തിനായാണ് തയാറാക്കിയിട്ടുള്ളത്.
പാഠ്യപദ്ധതിയുടെ പരിഷ്കരണം നടക്കുന്ന ഘട്ടത്തില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ റോഡ് സുരക്ഷയെയും നിയമവശങ്ങളെ യുംകുറിച്ചു വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അധ്യാപകര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്കാന് വകുപ്പു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
