കുവൈറ്റില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച കുടുംബ വിസ നടപടികള്‍ പുനഃരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് വിസ അനുവദിക്കുക.
വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഭാര്യക്കും മക്കള്‍ക്കുമാണ് കുടുംബ വിസ അനുവദിക്കുന്നത്.
15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസ് വരെയുള്ള പെണ്‍മക്കള്‍ക്കുമാണ് വിസ നല്‍കുക. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കുവൈറ്റ് കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. സഹല്‍ ആപ്പ് വഴിയാകും വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ലഭ്യമാവുക. കുടുംബ വിസ നടപടികള്‍ പുനഃരാരംഭിക്കുന്നതിന്റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.
കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു താത്കാലികമായി നിര്‍ത്തിവെച്ചത്. നിലവില്‍ തൊഴില്‍ വിസയും, കൊമേഴ്ഷ്യല്‍ സന്ദര്‍ശന വിസയും മാത്രമേ കുവൈറ്റ് നല്‍കുന്നുള്ളൂ.
