അധ്യയനം തുടങ്ങി; നിയന്ത്രിക്കാം മൊബൈലിനെ

അന്‍വര്‍ വലിയാട്

അവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് എത്തി. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ രക്ഷിതാക്കളുടെ പ്രധാന പരാതി അവധിക്കാലത്ത് ഏറെ നേരം മൊബൈലില്‍ ചെലവിട്ട കുട്ടികള്‍ പഠന ഭാരം എടുക്കേണ്ടി വരുമ്പോഴും മൊബൈലില്‍ തന്നെ ചെലവിടുന്നതിനെ കുറിച്ചാണ്. കോവിഡ് കാലത്ത് ഓഫ്‌ലൈന്‍ ക്ലാസുകള്‍ മൊബൈലിലായതോടെയാണ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ പഠനാവശ്യങ്ങള്‍ക്ക് കൂടുതല്‍ നല്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയപ്പോഴേക്കും കുട്ടികള്‍ പഠനത്തോടൊപ്പം മൊബൈല്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയും ചെയ്തു. പലകുട്ടികള്‍ക്കും നിലവില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ആയിക്കഴിഞ്ഞു. മൊബൈല്‍ അഡിക്ഷന്‍ ആയകുട്ടികളും നിരവധിയാണ്. ഇവരെ എങ്ങനെ മടക്കികൊണ്ടുവരാമെന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടതുമാണ് രക്ഷിതാക്കളുടെ പ്രധാന തലവേദന. കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കാത്ത വിധം ചില നിയന്ത്രണങ്ങളിലൂടെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയും.

സ്‌ക്രീന്‍ ഉപയോഗത്തിന് സമയക്രമം
ഒറ്റയടിക്ക് സ്‌ക്രീന്‍ ഉപയോഗം നിര്‍ത്താതെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് ഉപകരിക്കും വിധം സമയം ക്രമീകരിക്കുകയാണ് വേണ്ടത്. എത്ര സമയം ഇവ ഉപയോഗിക്കാമെന്നതിന് രക്ഷിതാക്കള്‍ സമയക്രമം നിര്‍ദേശിച്ചു നല്കുകയാണ് ചെയ്യേണ്ടത്. കുട്ടികള്‍ പഠനത്തിന് വേണ്ടി എത്ര സമയം സ്‌ക്രീനിന് മുന്നില്‍ ചെലവിടണമെന്ന ധാരണ രക്ഷിതാക്കളും കുട്ടികളും ചേര്‍ന്നെടുക്കണം. നിശ്ചിത സമയം ഇതിനായി മാറ്റിവെക്കണം. വിനോദത്തിനും സമയം നിഷ്‌കര്‍ഷിക്കണം. ആധുനീക യുഗത്തില്‍ പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ സ്‌ക്രീനുകളില്‍ ലഭിക്കുന്നതിനാല്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നത് കുറഞ്ഞു വരുകയാണ്. ചോദ്യോത്തരങ്ങളും പ്രൊജക്ട് വര്‍ക്കുകളും എളുപ്പത്തില്‍ ലഭിക്കുന്നെന്നതിനാല്‍ രക്ഷിതാക്കളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന് മാറ്റം വരണം. സ്വയം കണ്ടെത്തി ചെയ്യാന്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ചേര്‍ന്ന് ഈ പ്രതിസന്ധി മറികടക്കണം.

ചേരാം കുട്ടികള്‍ക്കൊപ്പം
മൊബൈല്‍ ഫോണിന് മക്കള്‍ അടിമകളാണെന്ന് വിലപിക്കുന്നതിന് പകരം അവരോടൊപ്പം പഠന കാര്യങ്ങളിലും മറ്റുള്ള പ്രവര്‍ത്തനങ്ങളിലും ചേര്‍ന്നിരിക്കുക എന്നതാണ് രക്ഷിതാക്കള്‍ക്കുള്ള ഉപദേശം. ജോലിത്തിരക്കും മറ്റും മൂലം പലപ്പോഴും ഇതിന് കഴിയാറില്ല. എന്നാല്‍ സമയക്രമം വെച്ച് അഛനും അമ്മയും ഇതിനായി കുട്ടികള്‍ക്കൊപ്പം ഇരുന്നാല്‍ പ്രശ്‌ന പരിഹാരമാവും.

നല്കാം കുഞ്ഞു ജോലികള്‍
കുട്ടികള്‍ക്ക് പഠനശേഷം അവര്‍ക്കാവുന്ന ചെറിയ വീട്ടു ജോലികളും കൃഷിപ്പണികളും ചെയ്യാന്‍ പ്രോത്സാഹനം കൊടുക്കുക വഴി കുട്ടികളെ ഫോണ്‍ അടിമത്തത്തില്‍ നിന്ന് പിന്തിരിക്കാനാവും. കുടുംബാംഗങ്ങള്‍ക്കൊപ്പം അടുക്കള ജോലികളും പാചകവും അടുക്കള തോട്ടവുമൊക്കെ ചെയ്യുമ്പോള്‍ കുടുംബാന്തരീക്ഷം കൂടുതല്‍ ഊഷ്മളമാവുകയും മൊബൈല്‍ ഉപയോഗം കുറയുകയും ചെയ്യും. കുട്ടികള്‍ക്കൊപ്പം ലഭിക്കാവുന്ന സമയം കൂടെയിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

വായനയിലേക്ക് തിരിച്ചു വിടാം
മൊബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും തള്ളിക്കയറ്റത്തോടെ മുടങ്ങിയ വായന പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ദഹിക്കുന്ന പുസ്തകങ്ങള്‍ വാങ്ങി നല്കിയും നാട്ടിലെ വായനശാലകളിലെ പങ്കാളിത്തത്തിലൂടെയും വായനയെ പ്രോത്സാഹിപ്പിക്കണം. ഇങ്ങനെ മുന്നോട്ടു പോയാല്‍ ക്രമേണ നല്ല വായനശീലം കുട്ടികളിലുണ്ടാവുകയും സ്‌ക്രീന്‍ ഉപയോഗം കുറയുകയും ചെയ്യും.

പേരന്റിംഗ് ആപ്പുകള്‍
കുട്ടികളുടെ മൊബൈല്‍ ഉപയോഗം രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനുതകുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗം നിയത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. മൊബൈല്‍ നല്കി കുട്ടികളെ അടക്കിയിരുത്തുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ മാറുകയും വേണം. കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നൊക്കെ നിരീക്ഷിക്കാന്‍ പേരന്റിംഗ് ആപ്പുകള്‍ വഴി കഴിയും.

സ്‌കൂള്‍ തുറന്നു ഇനി മൊബൈല്‍ നിയന്ത്രണം എന്ന ഭീഷണി മുഴക്കാതെ നിയന്ത്രണം ഏര്‍പ്പെടുത്തി കുട്ടികള്‍ക്കൊപ്പമിരിക്കാന്‍ സമയം കണ്ടെത്തി അവര്‍ക്ക് പഠന-പാഠ്യേതര കാര്യങ്ങളില്‍ പിന്തുണ നല്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്.

പഠന സമയം ക്രമീകരിക്കാം
ഒരു വീടു പണിയുമ്പോള്‍ അതിന്റെ പ്ലാന്‍ മുതല്‍ എല്ലാം പ്രാധാന്യമെന്ന പോലാണ് പുതിയ അധ്യയന വര്‍ഷാരംഭവും. ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികളെ മുന്നോട്ട് നയിക്കാനാവും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട പഠനകാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ ടൈംടേബിള്‍ പ്രധാനമാണ്. അന്നന്നത്തെ പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനും അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാതിരിക്കാനുമുള്ള ശ്രദ്ധയാണ് പ്രധാനം. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ക്രമീകരിച്ചാവണം ടൈംടേബിള്‍ തയ്യാറാക്കേണ്ടത്. വേണ്ടത്ര വിശ്രമം പ്രധാനമാണ്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയം ക്രമീകരിച്ച് പഠന സമയം തയ്യാറാക്കാം.

പഠനാന്തരീക്ഷം പ്രധാനം
വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയോടെ പഠിക്കാന്‍ കഴിയുന്ന അന്തരീക്ഷം വീടുകളിലുണ്ടാവണം. ടി വിയുടെയും മറ്റും ശല്യമില്ലാത്ത സ്ഥലം ഇതിനായി ഒരുക്കാം. പാഠ്യോപകരണങ്ങളും പുസ്തകങ്ങളും കൈയ്യെത്തും ദൂരത്തുണ്ടാവുന്നതും നല്ലതാണ്. പഠിപ്പിച്ചു പഠിക്കുക എന്നതുണ്ട്. പാഠഭാഗങ്ങള്‍ സഹപാഠികളുമായി ചര്‍ച്ച ചെയ്യാനും സംശയങ്ങള്‍ കൃത്യമായി അധ്യാപകരുമായി ബന്ധപ്പെട്ട് ദുരീകരിക്കാനും പ്രത്യേക ശ്രദ്ധ വേണം.

Leave a Reply

Your email address will not be published. Required fields are marked *