കോട്ടപ്പടി സ്റ്റാൻഡിൽ മുഴുവൻ ബസുകളും കയറണം; തിങ്കളാഴ്ച മുതൽ ബാധകം

മലപ്പുറം കോട്ടപ്പടിയിലുള്ള മലപ്പുറം നഗരസഭാ സ്റ്റാൻഡിൽ കയറാതെ മുങ്ങുന്ന ബസുകൾക്കുമേൽ പിടിവള്ളി വീഴും. 29 മുതൽ മലപ്പുറത്തുകൂടെ പോകുന്ന മുഴുവൻ സ്വകാര്യ യാത്രാബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങി യാത്രക്കാർക്ക് സൗകര്യമൊരുക്കണമെന്ന് മുനിസിപ്പൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തും. നഗരത്തിൽ അടിക്കടിയുണ്ടാകുന്ന റോഡ് ഗതാഗതതടസ്സത്തിനു കാരണമാകുന്ന അനധികൃത കേന്ദ്രങ്ങളിൽ നിർത്തുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചു. ഇനി അംഗീകൃത കാത്തിരിപ്പുകേന്ദ്രങ്ങളിൽ മാത്രമാണ് ബസുകൾ നിർത്തേണ്ടത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ തടസ്സമാകുന്ന രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അനധികൃത പാർക്കിങ്ങിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും.

ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞ ദിവസത്തെ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. വെളിച്ചമില്ലാത്തതിനാൽ രാത്രിയാകുന്നതോടെ ബസ് സ്റ്റാൻഡ് സമൂഹവിരുദ്ധരുടെ കേന്ദ്രമാകുന്നുവെന്ന് യോഗത്തിൽ പരാതി ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *