സൈലന്റ് വാലിയില്‍ മൂന്ന് പുതിയ ചിത്രശലഭ ഇനങ്ങള്‍;സര്‍വേയില്‍ കണ്ടെത്തിയത് 189 ഇനങ്ങള്‍

പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ആദ്യമായി മൂന്ന് ചിത്രശലഭ ഇനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബ്രാന്‍ഡഡ് റോയല്‍, എക്‌സ്ട്രാ ലാസ്‌കര്‍, ഓറഞ്ച് സ്‌പോട്ടഡ് ഗ്രാസ് ജുവല്‍ എന്നീ ഇനങ്ങളെയാണ് നവംബര്‍ 13 മുതല്‍ 15 വരെ നടന്ന ത്രിദിന സര്‍വേയില്‍ കണ്ടെത്തിയത്. ആകെ 189 ചിത്രശലഭ ഇനങ്ങളുടെ സാന്നിധ്യം സര്‍വേയില്‍ രേഖപ്പെടുത്തിയതായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും സര്‍വേ സംഘാംഗവുമായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് പറഞ്ഞു.
ബ്രാന്‍ഡഡ് റോയല്‍, എക്‌സ്ട്രാ ലാസ്‌കര്‍, ഓറഞ്ച് സ്‌പോട്ടഡ് ഗ്രാസ് ജുവല്‍ എന്നിവയാണ് പുതിയതായി കണ്ടെത്തിയ ഇനങ്ങള്‍. വനമേഖലകളില്‍ കാണപ്പെടുന്ന അപൂര്‍വ ഇനമാണ് ബ്രാന്‍ഡഡ് റോയല്‍. തവിട്ടും ഓറഞ്ചും കലര്‍ന്ന ചിറകുകളാണ് എക്‌സ്ട്രാ ലാസ്‌കറിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭ ഇനങ്ങളില്‍ ഒന്നായ ഓറഞ്ച് സ്‌പോട്ടഡ് ഗ്രാസ് ജുവല്‍ പുല്‍മേടുകളിലും തുറസ്സായ കുറ്റിക്കാടുകളിലുമാണ് സാധാരണയായി കാണപ്പെടുന്നത്.
കേരള വനംവന്യജീവി വകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും (എം.എന്‍.എച്ച്.എസ്) സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഗവേഷകര്‍, പ്രകൃതിസ്‌നേഹികള്‍, ചിത്രശലഭ നിരീക്ഷകര്‍, പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടക്കം അമ്പതോളം പേര്‍ പങ്കെടുത്തു. ദേശീയോദ്യാനത്തിലും പരിസരത്തെ ബഫര്‍ മേഖലയിലുമായി തിരഞ്ഞെടുത്ത 14 കേന്ദ്രങ്ങളിലായിരുന്നു നിരീക്ഷണം.
ചിത്രശലഭങ്ങളുടെ വൈവിധ്യം, ആവാസവ്യവസ്ഥ, പ്രജനന കേന്ദ്രങ്ങള്‍, പുഴുക്കളുടെ ഭക്ഷണസസ്യങ്ങള്‍, തേന്‍ ലഭിക്കുന്ന സസ്യങ്ങള്‍ എന്നിവയെക്കുറിച്ചും വിവിധ ഉയരങ്ങളിലുള്ള വനമേഖലകളിലെ സാന്നിധ്യത്തെക്കുറിച്ചും സംഘം വിവരങ്ങള്‍ ശേഖരിച്ചു.
വനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളാണ് ചിത്രശലഭങ്ങള്‍. പുതിയ കണ്ടെത്തലുകള്‍ ഭാവിയിലെ ഗവേഷണങ്ങള്‍ക്കും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *