ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള നജീബ് ജംഗിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജംഗിന്റെ രാജി തീരുമാനം അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാവിപദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും– കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, ഭരണതലത്തില്‍ കേജരിവാളും നജീബ് ജംഗും തമ്മില്‍ അധികാര തര്‍ക്കം നിലനിന്നിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു തുടര്‍ച്ചയായി ജംഗ് ഇടംകോലിടുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. എന്നാല്‍, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ അടുത്ത ദിവസം വാദം കേള്‍ക്കുന്നുണ്ട്.
