തിരുവനന്തപുരം • മോശം പെരുമാറ്റത്തിന്റെ പേരില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ല. സഞ്ജുവിന്റെ പ്രായവും ഭാവിയും കണക്കിലെടുത്ത് കരിയറിന് ദോഷമുണ്ടാക്കാത്ത തീരുമാനം കെസിഎ സെന്‍ട്രല്‍ കമ്മിറ്റി പിന്നീട് പ്രഖ്യാപിക്കും. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ ശുപാര്‍ശ കെസിഎയ്ക്ക് സമര്‍പ്പിക്കും.
രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണ് അച്ചടക്ക ലംഘനം നടത്തിയത്. ഡ്രസിങ് റൂമില്‍ അതിരുവിട്ട് രോഷം പ്രകടിപ്പിച്ച സഞ്ജുവിനെതിരെ അന്വഷണം നടത്താന്‍ ടി.ആര്.ബാലകൃഷ്ണന് അധ്യക്ഷനായ നാലംഗ സമിതിയെയാണ് കെസിഎ ചുമതലപ്പെടുത്തിയത്. സഞ്ജുവിന്റെ മൊഴിയെടുത്ത അച്ചടക്ക സമിതി കടുത്ത നടപടി വേണ്ടെന്നു വയ്ക്കുകയായരുന്നു.
