നെഹ്‌റു കോളേജിലെ അധ്യാപകര്‍ സമരത്തില്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ പണിമുടക്കില്‍. വിദ്യാത്ഥികള്‍ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. എന്നാല്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതികാര നടപടിയാണിതെന്നാണ് ആരോപണം നിഷേധിച്ച് വിദ്യാത്ഥികള്‍ പറയുന്നത്.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിരോധത്തിലായിരിക്കുന്ന മാനേജ്‌മെന്റിന്റെ കള്ളക്കളിയാണിതിന് പിന്നിലെന്നും അധ്യാപകരെ മര്‍ദ്ദിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ തുടര്‍ന്ന് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇത്തരമൊരു വ്യാജ പരാതിയിലൂടെ അധ്യാപകരും കോളേജ് മാനേജ്‌മെന്റും ലക്ഷ്യമിടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നീ അഞ്ച് പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം പോലീസ് തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *