കീറിയ വസ്ത്രങ്ങളുമായി സ്റ്റാലിന്‍ രാജ്ഭവനില്‍

ചെന്നൈ• വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍. സ്പീക്കര്‍ സ്വയം വസ്ത്രം വലിച്ചുകീറിയിട്ടു ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യത്തില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു മണിക്ക് നിയമസഭ സമ്മേളിക്കുമെന്ന് അറിയിച്ചെങ്കിലും രണ്ടു മണിയോടെ സഭയ്ക്കകത്തു കയറിയ പൊലീസ് എല്ലാവരെയും ബലം പ്രയോഗിച്ചു പുറത്താക്കിയെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തന്റെ വസ്ത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചുകീറിയതായും സ്റ്റാലി!ന്‍ ആരോപിച്ചു.
തമിഴ്‌നാട് നിയമസഭയില്‍ ഇന്നു സംഭവിച്ച കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റ് എംഎല്‍എമാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭയില്‍നിന്നു ബലം പ്രയോഗിച്ചു പുറത്താക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കീറിപ്പറിഞ്ഞ വസ്ത്രവുമായി പുറത്തെത്തിയ സ്റ്റാലിന്‍ അണികള്‍ക്കിടയിലേക്കു നീങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്നു സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതിനായി ഇതേ വസ്ത്രത്തില്‍ അദ്ദേഹം രാജ്ഭവനിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *