വയനാട്: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുന്ന പൂപ്പൊലിയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പലവയലിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും. മേളയുടെ നടത്തിപ്പിന് കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജനുവരി 24 മുതല്‍ 27 വരെ കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെയും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ സയന്‍സിന്റെയും ആഭിമുഖ്യത്തില്‍ ഇന്റര്‍ നാഷണല്‍ സിമ്പോസിയം നടത്തും. 50 ലധികം വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സിമ്പോസിയത്തില്‍ പങ്കെടുക്കും. പൂപ്പൊലി ജില്ലയിലെ ടൂറിസം മേഖലയിലും കാര്‍ഷിക മേഖലയിലും പുതിയ ഉണര്‍വുണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം. പി.വി. ഗംഗാധരന്‍, ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എന്‍.കെ. രാജന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
