രാജ്യത്തിന്റെ കാവല്‍ക്കാരന് പൗരസഞ്ചയത്തിന്റെ കണ്ണീരില്‍ വിട……

മണ്ണാര്‍ക്കാട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച എന്‍.എസ്.ജി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് നല്‍കി. തറവാട് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ കുഴിമാടത്തിലാണ് നിരഞ്ജന്റെ ഭൗതിക ശരീരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെയും, സംസ്ഥാന ബഹുമതികളോടെയും സംസ്‌കരിച്ചത്. പുലര്‍ച്ചെ ആറുമണി മുതല്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ധീരജവാന്റെ ശരീരം ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമെത്തിയത്. വീട്ടില്‍ നിന്നും മതാചാര ചടങ്ങുകള്‍ക്ക് ശേഷം എളമ്പുലാശ്ശേരി കെ.എ.യു.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനും സൈന്യത്തിനും ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു.

ranjan 04

ജനത്തിരക്ക് മൂലം നേരത്തെ നിശ്ചയിച്ചതിലും 20 മിനുട്ടിന് ശേഷമാണ് പൊതു ദര്‍ശനം അവസാനിപ്പിച്ച് സംസ്‌കാരത്തിനായി ഭൗതിക ശരീരം കൊണ്ടുപോയത്. പൊതുദര്‍ശനത്തിന് വെച്ച വേദിക്കരികില്‍ അടുത്ത ബന്ധുക്കള്‍ക്കും, പൊതുജനങ്ങള്‍ക്കും, വിശിഷ്ടാതിഥികള്‍ക്കും പ്രത്യേകം ഇരിപ്പിട സൗകര്യങ്ങളൊരുക്കിയിരുന്നു. അധികാരികള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ജനത്തിരക്ക്. പലപ്പോഴും ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജനപ്രതിനിധികള്‍ തന്നെ ഇറങ്ങേണ്ടി വന്നു. പൊലീസ്, വ്യോമസേന, എന്‍.എസ്.ജി കമാന്റോകള്‍ അവസാന സല്യൂട്ട് നല്കി. തുടര്‍ന്ന് സൈന്യത്തിലെ പ്രത്യേക വിഭാഗത്തിന്റെ അകമ്പടിയോടെ 11.20 ഓടെ പൊതുദര്‍ശനത്തിന് വെച്ച സ്‌കൂളില്‍ നിന്നും ഭൗതിക ശരീരം സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

ranjan 02
ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി സംസ്ഥാന പൊലീസിന്റെയും, സൈന്യത്തിന്റെയും ആചാരവെടികള്‍ ഉതിര്‍ത്തു. സംസ്ഥാന സര്‍ക്കാറിനെപ്രതിനിധികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയ ശേഷം പന്ത്രണ്ടരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.     എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, എന്‍ ഷംസുദ്ദീന്‍, എം. ഹംസ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ മന്ത്രി കെ.ഇ ഇസ്മായില്‍, കെ.പി.സി.സി സെക്രട്ടറി എം. ലിജു, സിനിമാ താരം സുരേഷ് ഗോപി, സംവിധായകന്‍ മേജര്‍ രവി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജില്ലാ കളക്ടര്‍ മേരിക്കുട്ടി, സബ് കലക്ടര്‍ പി.ബി നൂഹ് ബാവ ഐ.എ.എസ്, പാലക്കാട് എസ്.പി വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി വിജയകുമാര്‍, അഗളി ഡി.വൈ.എസ്.പി പി. വാഹിദ്  എന്നീ പ്രമുഖര്‍  വീരമൃത്യുവരിച്ച ധീരജവാന്റെ അന്തിമചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

 

ranjan 03

അതെസമയം തിങ്കളാഴ്ച രാത്രി എളുമ്പാലശ്ശേരി വീട്ടിലെത്തി ഉപചാരമര്‍പ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരഞ്ജന്റെ വീരമൃത്യ കേരളമെന്നും അഭിമാനത്തോടെ സ്മരിക്കുമെന്നും നിരഞ്ജന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കുചേരുന്നുന്നതായും പറഞ്ഞു. രാത്രി 11.50 ഓടെ എളുമ്പിലാശ്ശേരി വീട്ടിലെത്തിയ മുഖ്യമന്ത്രി 20 മിനുട്ടോളം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ചിലവഴിച്ചു. ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ കെ. ബാബു, എ.പി അനില്‍കുമാര്‍, സി.പി മുഹമ്മദ് എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിരഞ്ജന്‍ ഭാവി തലമുറക്ക് ഒരു വഴികാട്ടിയാണെന്നും, സ്വന്തം ജീവന്‍ ത്യജിച്ച് ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ ധീരജവാന്റെ സ്മരണക്കുമുമ്പില്‍ എല്ലാ ആദരവുകളും അര്‍പ്പിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷതന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നിരഞ്ജന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയതായിരുന്നു കുമ്മനം.

Leave a Reply

Your email address will not be published. Required fields are marked *