ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിച്ചത് വിശ്വാസികളെ വേദനിപ്പിച്ചു

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസ സമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളെന്നും സാമൂഹ്യവിരുദ്ധരും തീവ്രവാദികളും ഈ അവസരം മുതലെടുക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *