തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാര്‍ പൊളിച്ചെഴുതുകയായിരുന്നു. ആ ഘട്ടത്തില്‍ത്തന്നെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചതാണ്.
പക്ഷേ, ഉണ്ട ചോറിന് കൂറ് കാണിക്കുന്നതില്‍ നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാനായില്ല. കരാറിനെക്കുറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താനോ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താനോ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
സംസ്ഥാന താല്പര്യത്തിന് പുല്ലുവില കല്‍പിച്ച് അദാനിക്ക് വേണ്ടി തട്ടിക്കൂട്ടിയ കരാറാണിതെന്ന് മുമ്ബ് പ്രസ്താവിച്ചത് ശരിവെക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള, സിറ്റിംഗ് ജഡ്ജിയെ വച്ചുള്ള ജുഡിഷ്യല്‍ അന്വേഷണം തികച്ചും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
