കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഖൊ-ഖൊ: കാലിക്കറ്റ് കിരീടം നിലനിര്‍ത്തി

തമിഴ്‌നാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്‌പോര്‍ട്‌സ് സര്‍വകലാശാലയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഖൊ-ഖൊ വനിതാ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്‍മാരായി. ലീഗ് മത്സരങ്ങളില്‍ മദ്രാസ്, അണ്ണാ, മധുരൈ കാമരാജ് സര്‍വകലാശാലകളെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. വി.എം.രശ്മി (കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്) ക്യാപ്റ്റനും, ഡോ.കെ.കേശവദാസ് കോച്ചുമാണ്. ഡോ.സിസ്റ്റര്‍ ജിസല്ല ജോര്‍ജ്ജാണ് ടീം മാനേജര്‍. നിലവില്‍ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ജേതാക്കളാണ് കാലിക്കറ്റ്.

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഹാന്റ്‌ബോള്‍:
കാലിക്കറ്റ് ടീമുകള്‍ യോഗ്യത നേടി
    
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് പുരുഷ-വനിതാ ടീമുകള്‍ യോഗ്യത നേടി. വാരണസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലാണ് മത്സരങ്ങള്‍. കാരെക്കുടി അളകപ്പ സര്‍വകലാശാലയില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യാ അന്തര്‍ സര്‍വകലാശാലാ ടൂര്‍ണമെന്റില്‍ പുരുഷ ടീം തമിഴ്‌നാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സര്‍വകലാശാലയെയും, വനിതാ ടീം തമിഴ്‌നാട് ഭാരതീദാസന്‍ സര്‍വകലാശാലയേയും പരാജയപ്പെടുത്തിയാണ് അഖിലേന്ത്യാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത്.

വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കാലിക്കറ്റ് സര്‍വകലാശാല കൂടുതല്‍ വിപുലമായ പരിപാടികള്‍
തേഞ്ഞിപ്പലം: വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കാലിക്കറ്റ് സര്‍വകലാശാല കൂടുതല്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. വനിതകള്‍ക്കുവേണ്ടി സൗജന്യമായി നടത്തിയ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടാന്‍ സമൂഹത്തിലെ കുറച്ചുപേര്‍ക്ക് മാത്രമെ സാധ്യമാവുകയുള്ളൂ എന്നാല്‍ വിദ്യാ സമ്പന്നരല്ലാത്ത സാധാരണ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും, ജീവസന്ധാരണത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യാന്‍ ലൈഫ്‌ലോങ്ങ് ലേണിംഗ് പഠനവകുപ്പിന്റെ സൗജന്യ  കോഴ്‌സുകളിലൂടെ സാധ്യമാവുന്നുണ്ട്. നേതൃത്വഗുണം സ്ത്രീകളില്‍ ജന്മസിദ്ധമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സമീപകാലത്ത് നടത്തിയ പഠനത്തില്‍ വ്യക്തമാവുന്നുണ്ട്. ഈ ഗുണം പരിപോഷിപ്പിച്ച് സമൂഹത്തെ കൂടുതല്‍ ഔന്നത്യത്തിലേക്ക് നയിക്കാന്‍ വനിതകള്‍ താല്‍പ്പര്യമെടുക്കേണ്ടതുണ്ട്. കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ദ്ധന ശ്രദ്ധാര്‍ഹമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ നിര്‍മ്മിച്ച പരമ്പരാഗതവും നൂതനവുമായ നിരവധി വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി. ലൈഫ്‌ലോങ്ങ് ലേണിംഗ് പഠനവകുപ്പ് മേധാവി ഡോ.ഇ.എം.മനോജം അധ്യക്ഷയായിരുന്നു. പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എം.വി.സക്കറിയ, കോഴ്‌സ് പരിശീലകന്‍ എം.എം.പ്രിയംവദന്‍, പഠിതാക്കളായ പി.ഷിബി, പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. കെ.പ്രശാന്ത് സ്വാഗതവും സി.ടി.സഫ്‌വാന്‍ നന്ദിയും പറഞ്ഞു. സോഫ്റ്റ് ടോയ്‌സ് നിര്‍മ്മാണ പരിശീന പരിപാടി 11-ന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *