കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാര്‍ ഇത്രയും വലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികളടക്കമുള്ള സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ വാദം.
സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പൊലീസിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ പുറത്തുവിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ഗത്യന്തരമില്ലാതെ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ പോവുകയാണെന്നും ജോര്‍ജ് പറയുന്നു.
അതേസമയം, സമരത്തിനിറങ്ങിയവരെ കഴിഞ്ഞ ദിവസം ക്രൂരമായി നേരിട്ട പൊലീസ് നടപടിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുകയാണ്.ഇതുവരെയും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ സമരത്തില്‍ നിന്നും പുറകോട്ടില്ലെന്നാണ് സമരസമിതി നിലപാട്. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു സമരസമിതി അറിയിച്ചു. മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിനു യാതൊരു സാധ്യതയുമില്ലെന്നാണു സമരസമിതി പറയുന്നത്.
