പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചൈന അതിരുകടക്കരുതെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സിക്കിമിലെ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം നയതന്ത്രതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മറുപടി.

ഭൂട്ടാന്‍ മേഖലയിലേക്ക് ചൈനീസ് സേന കടന്നുവരികയാണ്. നേരത്തെ എവിടെയായിരുന്നോ, അവിടെ അവര്‍ നില്‍ക്കണം. അവര്‍ മുന്നോട്ട് വരുന്നത് അവസാനിപ്പിക്കണം. ഇതാണ് ഞങ്ങളുടെ സുരക്ഷാ ആശങ്ക. ഇതാണ് ഞങ്ങളുടെ നിലപാടും. ചൈനീസ് സൈന്യം തങ്ങളുടെ പ്രദേശത്തേക്ക് അതിക്രമിച്ചുകടക്കുന്നുവെന്ന് ഭൂട്ടാന്‍ രാജാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മേശയ്ക്ക് ചുറ്റുമിരുന്ന് ഇക്കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഭാംറെ അറിയിച്ചു.

1954ല്‍ ഇന്ത്യയും ചൈനയും ഒപ്പിട്ട പഞ്ചശീലതത്വ കരാര്‍ ലംഘിച്ചുവെന്നും ഉടന്‍ ഇന്ത്യ ഇത് തിരുത്തണമെന്നും കഴിഞ്ഞ ദിവസം ചൈന ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ, ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അതിര് ചേരുന്ന പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ചൈനീസ് സൈന്യം രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഭൂട്ടാനും ചൈനയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണ്. ഭൂട്ടാനെ ഇന്ത്യ പിന്തുണക്കുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *