കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ ‘മാഡം’ ആരാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, മാഡത്തെ കുറിച്ച് ചോദിച്ചെങ്കിലും അത് സിനിമാ നടി മാത്രമാണെന്നായിരുന്നു പള്‍സര്‍ സുനി ആവര്‍ത്തിച്ചത്.
മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നായിരുന്നു മുന്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും സിനിമാ നടിയാണെന്ന് സുനി മറുപടി നല്‍കി.
മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ രംഗത്തുനിന്നുള്ള ഒരാളാണെന്നും നേരത്തെയും പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ മാസം 16നുള്ളില്‍, ജയിലിലുള്ള വി.ഐ.പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
