തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. കുടുംബശ്രീയിലെ നിയമനങ്ങളില്‍ കെ.ടി ജലീല്‍ അനധികൃതമായി ഇടപ്പെട്ടു എന്ന് ആരോപിച്ച് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസും അന്വേഷണത്തിന്റെ പരിധിയില്‍ വരും.
കുടുംബശ്രീ നിയമനങ്ങളില്‍ ജലീല്‍ അനധികൃതമായി ഇടപ്പെട്ടുവെന്ന വാര്‍ത്ത മീഡിയ വണ്‍ ചാനലാണ് പുറത്ത് കൊണ്ട് വന്നത്. മീഡിയ വണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റക്ക് പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് കേസില്‍ നടപടി ഉണ്ടായിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജലീലിനെതിരെ കേസെടുക്കണോയെന്ന കാര്യത്തില്‍ വിജിലന്‍സ് അന്തിമ തീരുമാനമെടുക്കും.
