ഐഎഫ്എഫ്‌കെ: മീഡിയ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ 22 മുതല്‍ 24 വരെ നടക്കും. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികള്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തി നവംബര്‍ 28 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്ബ് പിആര്‍ഡി പ്രസ് റിലീസില്‍ എത്തിക്കണം.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് നല്‍കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഡിസംബര്‍ നാലിന് വിതരണം ചെയ്യും.13 മുതല്‍ 15 വരെയായിരുന്നു പൊതു വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ സമയം. 16 മുതല്‍ 18 വരെ സിനിമടിവി പ്രൊഫഷണലുകള്‍ക്കും 19 മുതല്‍ 21 വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും രജിസ്‌ട്രേഷന് അനുവദിച്ച സമയമായിരുന്നു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ആദ്യത്തെ ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ സംവിധാനമാണിത്.

ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാട് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സംസ്ഥാനത്തെ 2,700 ലേറെ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവുമൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *