റംസാന്‍ അവധികള്‍ വെട്ടിച്ചുരുക്കി; ഹിന്ദു ഉത്സവ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധിയും

ലഖ്‌നോ: ഹിന്ദുമത ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അതേസമയം റംസാന്‍ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ല്‍ നിന്നും 86 ആക്കി കുറച്ച സര്‍ക്കാറിന്‍െര ഉത്തരവ് ഇതിനകം വിവാദമായി. ഒഴിവുകള്‍ വെട്ടിക്കുറിച്ച സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം പുരോഹിതരും സാമൂഹിക പ്രവര്‍ത്തകരും സ്വാഗതം ചെയ്‌തെങ്കിലും റംസാന്‍ മാസത്തിലെ അവധി കുറച്ച തീരുമാനത്തിനെതിരെ രംഗത്തെത്തി. മുസ്ലിംകളുടെ പുണ്യമാസമായ റംസാന്‍ മാസത്തിലെ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിന് മുമ്പ്  പുരോഹിതരുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യു.പി മദ്രസ ബോര്‍ഡ് സംസ്ഥാനത്തെ 16,461 മദ്രസകള്‍ക്കായി ഒരു പുതിയ അവധിക്കാല കലണ്ടര്‍ പുറത്തിറക്കി. മഹാനവമി, ദസറ, ദീപാവലി, രക്ഷാ ബന്ധന്‍, ബുദ്ധപൂര്‍ണ്ണിമ, മഹാവീര്‍ ജയന്തി എന്നീ ആഘോഷങ്ങളില്‍ മദ്രസകള്‍ക്ക് അവധി നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നബിദിന അവധി ദിനങ്ങള്‍ ഒന്നില്‍ നിന്നും രണ്ടാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

മഹത് വ്യക്തിത്വങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധനം സൃഷ്ടിക്കുന്നതിനായി പുതിയ അവധി ദിനങ്ങള്‍ നല്‍കിയതായി മദ്രസാ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്ത വ്യക്തമാക്കി. അതേസമയം ആര്‍.എസ്.എസ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മുസ്ലിം ആചാരങ്ങളെക്കുറിച്ച് പഠിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു.

മുഖ്യമന്ത്രി യോഗിയുടെ നടപടി സ്വാഗതം ചെയ്യുന്നു. എല്ലാവരും എല്ലാ ആചാരങ്ങളെയും കുറിച്ച് പഠിക്കണം. ഈദ് ദിനം അടക്കമുള്ള മുസ്ലിം ആഘോഷ ദിനങ്ങളില്‍ ആര്‍.എസ്.എസ് സ്‌കൂളുകളും അടച്ചിടണം. വിദ്യാര്‍ത്ഥികളെ ഇവയെക്കുറിച്ച് പഠിപ്പിക്കണം. റംസാന്‍ അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പുന പരിശോധിക്കേണ്ടതാണ് സാമൂഹ്യ പ്രവര്‍ത്തക താഹിറ ഹസന്‍ പറഞ്ഞു.

റംസാന്‍ മാസത്തെ ഒഴിവുദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മദ്രസകളിലെ അവധി കലണ്ടര്‍ പുനഃപരിശോധിക്കാനും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. മദ്രസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്യാത്ത മദ്രസകള്‍ ഈ ഉത്തരവ് അംഗീകരിക്കില്ല. ആര്‍.എസ്.എസ് നടത്തുന്ന ശിശു മന്ദിറുകളില്‍ ബക്രിദിനെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. പലര്‍ക്കും ബക്രീദിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്മുസ്ലിം പണ്ഡിതന്‍ സുഫിയാന്‍ നിസാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *