പത്തനംതിട്ട: ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്നശേഷം വരുമാനമായി ലഭിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് കോടിയോളം രൂപ. ശബരിമലയിലെ വരുമാനത്തില്‍ ഏറ്റവുംകൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത് കാണിക്ക ഇനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള് ഒന്നരക്കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ആദ്യത്തെ ആറുദിവസംമാത്രം ഒന്‍പതരക്കോടി രൂപ കാണിക്കയായി ലഭിച്ചു.
ഭക്തര്‍ കാണിക്കയായി ഇടുന്ന നോട്ടുകളും നാണയങ്ങളും വേര്‍തിരിച്ച് എണ്ണിതിട്ടപ്പെടുത്തിയശേഷം ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മകരവിളക്കിന് ഒരാഴ്ചകൂടിശേഷിക്കുന്നതിനാല് വരുമാനത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡ്.
അപ്പം, അരവണ, മറ്റ് പ്രസാദങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കുത്തക കരാറുകള്‍ നല്‍കിയതുളപ്പടെ ഇരുപത്തിയൊന്‍പതരക്കോടിയുടെ വരുമാനം ഈ മകരവിളക്ക് തീര്‍ഥാടനകാലത്തുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് ഇരുപത്തിരണ്ടരക്കോടിയായിരുന്നു.
