പാലക്കാട്: തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. തൃത്താല പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടിക്കടുത്ത് കൂനംമൂച്ചിയിലാണ് സംഘര്‍ഷമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എം എല്‍ എയെ പ്രാദേശിക സി പി എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ബല്‍റാമിനെ സംരക്ഷിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. തൃത്താല പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്.
സി പി എം മുതിര്‍ന്ന നേതാവായിരുന്ന എ കെ ജിക്കെതിരെ ഫേസ് ബുക്കില്‍ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബല്‍റാമിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബല്‍റാമിന്റെ തൃത്താലയിലെ എം എല്‍ എ ഓഫിസിന് നേരെ ആക്രമണമുണ്ടായി.
