കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.
ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസ് ആവും മാര്‍ച്ച് നയിക്കുക.
കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂര്‍ മാര്‍ച്ച നടത്തുന്നതെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.
കീഴാറ്റൂര്‍ വയലിലൂടെ മാത്രമേ പാത സാധ്യമാവൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ദേശീയപാത അലൈന്‍മെന്റ് മാറ്റാന്‍ പറ്റില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
