പോലീസിനെ നന്നാക്കാനുറച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്നതില്‍ പതറി സര്‍ക്കാരും സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായി അറിയുന്നു. ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവം കൂടിയായതോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ട സ്ഥിതിയിലാണ്.

മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പോലീസ് അതിക്രമങ്ങള്‍ സ്ഥിരമായി അവസാനിപ്പിക്കാന്‍ വരാപ്പുഴ സംഭവത്തോടെ സാധിക്കണം എന്ന ഉറച്ച തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയും പാര്‍ട്ടിയും എത്തുന്നുവെന്നാണ് സൂചന. അതിന് സംസ്ഥാന പോലീസ് മേധാവിയുമായും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച് കര്‍മ പദ്ധതി തയ്യാറാക്കും. കസ്റ്റഡി മര്‍ദനം ഒരു കാരണവശാലും ഉണ്ടാകാതിരുന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ എന്നാണ് കോടിയേരി മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചത് എന്ന് അറിയുന്നു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും എതിരഭിപ്രായമില്ല. കസ്റ്റഡി മര്‍ദനങ്ങള്‍ക്ക് സിപിഎമ്മും ഇടതുമുന്നണിയും മുമ്‌ബേതന്നെ എതിരുമാണ്. കസ്റ്റഡിയില്‍ ഏതെങ്കിലും പ്രതിക്ക് മര്‍ദനം ഏല്‍ക്കേണ്ടിവന്നാല്‍ അതിനു കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സര്‍വീസില്‍ നിന്നു നീക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അതിവേഗ നടപടികള്‍ക്ക് ഉതകുന്ന വിധത്തില്‍ പോലീസ് ആക്റ്റില്‍ മാറ്റം വരുത്തണം എന്ന അഭിപ്രായം രാഷ്ട്രീയ നേതൃതലത്തില്‍ പൊതുവേ ഉണ്ട്.

പോലീസിന്റെ അതിക്രമങ്ങളേക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുണ്ട്. അതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും അതോറിറ്റിയുടെ ശുപാര്‍ശകളില്‍ മുഖം നോക്കാതെ വേഗത്തില്‍ നടപടികളെടുക്കാനുമുള്ള ആലോചനയാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

പോലീസിന്റെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ രണ്ട് വര്‍ഷം പിണറായി സര്‍ക്കാര്‍ അഭിമുഖീകരിച്ച ഏറ്റവും പ്രധാന നാണക്കേട്. അത് പരിഹരിക്കാന്‍ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണ നേതൃത്വം ഇറങ്ങിത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *