യുപി ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാന മന്ത്രി അറിയിച്ചു.

അതേസമയം റെയില്‍ സുരക്ഷാ കമ്മീഷനോട് സംഭവത്തേക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

റായ്ബറേലിയിലാണ് ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *