കോഴിക്കോട്: ബസില്‍ യാത്രചെയ്യുകയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പഴ്സ് കവര്‍ന്ന് അതിലെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 36,000 രൂപ പിന്‍വലിച്ച യുവതിക്കായി പോലീസ് അന്വേഷണം തുടങ്ങി. രാവിലെ 8.45ന് മെഡിക്കല്‍ കോളജിനടുത്ത മുണ്ടിക്കല്താഴത്തുനിന്ന് മൊഫ്യൂസില്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറിയ സര്‍ക്കാര്‍ ജീവനക്കാരിയുടെ വാനിറ്റി ബാഗില്‍ നിന്നാണ് പഴ്സ് കവര്‍ന്നത്.
ഉദ്യോഗസ്ഥ 9.05ന് സ്റ്റാന്‍ഡില്‍ ബസിറങ്ങി ഓഫീസിലേക്ക് പോയി. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി 9.30ന് ഫോണില്‍ മെസേജ് വന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അക്കൗണ്ട് മരവിപ്പിക്കാന്‍ ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴേക്കും അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 36,000 രൂപ പല തവണയായി പിന്‍വലിച്ചിരുന്നു. പഴ്സിലെ ചെറിയ ഡയറി, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ്ബുക്ക് തുങ്ങിയവയും നഷ്ടപ്പെട്ടു.
ഡയറിയില്‍ യുവതി സ്വന്തം മൊബൈല്‍ ഫോണ്‍ നന്പര് എഴുതിയിരുന്നു. ഇതിന്റെ അവസാനത്തെ നാലക്കമായിരുന്നു എടിഎം പിന് നന്പര്. യുവതി കസബ പോലീസില്‍ പരാതി നല്കി. നന്മണ്ട 13ലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. തൂടര്‍ന്ന് പോലീസ് എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. നീലയില്‍ വെള്ള പൂക്കളുള്ള ചൂരിദാറും കറുത്ത തട്ടവുമണിഞ്ഞ യുവതി കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
