തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച

നെടുമ്ബാശ്ശേരി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പരാതി നല്‍കി. ഗൂഢാലോചനയുടെ ഭാഗമായി മതാചാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി. നെടുമ്ബാശ്ശേരി പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ തൃപ്തി ദേശായിയും കൂട്ടാളികളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടിയാവും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം നിയമ വിദഗ്ധരുമായി അവര്‍ ചര്‍ച്ച ചെയ്തു വരികയാണെന്നാണ് വിവരം.

അതേസമയം ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞുകൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *