സുബ്രതോ കപ്പ് ഫൈനല്‍ എന്ന ലക്ഷ്യത്തോടെ കേരളം നാളെ ഇറങ്ങും. അണ്ടര്‍ -17 വിഭാഗത്തിന്റെ സെമിയില്‍ അഫ്ഗാനിസ്ഥാനെയാണ് കേരളം നേരിടുക. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ചേലേമ്ബ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ് സ്കൂളാണ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ റിലയന്‍ യൂത്ത് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ചേലേമ്ബ്ര സ്കൂള്‍ സെമിയിലേക്ക് കടന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസ്‌തികാല്‍ സ്കൂള്‍ ആണ് ചേലേബ്രയുടെ എതിരാളികള്‍. സെമിയില്‍ കേരള ടീമായ പീവീസ് സ്കൂളിനെ ആയിരുന്നു അഫ്ഗാന്‍ തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ കേരള ടീമിനെ തോല്‍പ്പിച്ചതിലെ പക വീട്ടല്‍ കൂടെ ചേലേമ്ബ്രയുടെ ഉള്ളില്‍ ഉണ്ടാകും.
ഗ്രൂപ്പ് ഘട്ടത്തില്‍ സായ് കൊല്‍ക്കത്തയെ എതിരില്ലാത്ത ഒരു ഗോളിനും,നാചി സ്കൂള്‍ സിക്കിമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും, അരുണാചല്‍ ഗവണ്‍മെന്റ് സ്കൂളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും, നാലു ഗോളികള്‍ക്ക് തന്നെ ഉത്തരാഖണ്ഡിനെയും ചേലേമ്ബ്ര സ്കൂള്‍ തോല്‍പ്പിച്ചിരുന്നു.
2014ല്‍ എം എസ് പി ഫൈനലില്‍ കളിച്ച ശേഷം കേരളത്തില്‍ നിന്ന് ഒരു ടീം സുബ്രതോ കപ്പ് ഫൈനലില്‍ കളിച്ചിട്ടില്ല. നാളെ നടക്കുന്ന മറ്റൊരു സെമിയില്‍ ബി.കെ.എസ്.പി ബംഗ്ലാദേശ് ആര്‍മി സ്കൂള്‍ ബെംഗളൂരുവിനെയും നേരിടും.
