എം പാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് സിറ്റി സര്‍വീസാണ് പ്രധാനമായും മുടങ്ങിയത്.

എറണാകുളത്ത് 38 സര്‍വീസ് മാത്രമാണ് രാവിലെ 8 മണി വരെ നടന്നിട്ടുള്ളൂ. 36 സര്‍വീസ് മുടങ്ങി. തിരു-കൊച്ചി സര്‍വീസ് 11 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ. പെരുമ്ബാവൂരില്‍ 17 ഉം പറവൂരില്‍ 10 ഉം സര്‍വിസുകള്‍ മുടങ്ങി. വയനാട്ടില്‍ ആകെയുള്ള 238 സര്‍വീസുകളില്‍ 103 സര്‍വീസുകള്‍ മുടങ്ങി.

ഉച്ചക്ക് ശേഷം കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങുമെന്നാണ് വിവരം. ഇത് യാത്രദുരിതം രൂക്ഷമാക്കും. ആലുവയില്‍ 35 സര്‍വീസുകളാണ് മുടങ്ങിയത്. മലബാര്‍ റീജിയനില്‍ ഇതുവരെ 7 സര്‍വ്വീസുകള്‍ മാത്രമാണ് റദ്ദാക്കിയതെന്ന് സോണല്‍ മാനേജര്‍ അറിയിച്ചു.

കോതമംഗലം, അങ്കമാലി ഡിപ്പോകളില്‍ 16 സര്‍വീസ് മുടങ്ങി. പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു സര്‍വീസ് മാത്രമാണ് റദ്ദാക്കിയത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് 42 ഷെഡ്യൂളുകള്‍ മുടങ്ങി. കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ കൂട്ടപിരിച്ചു വിടലിനെ തുടര്‍ന്ന് 
ഗതാഗത മന്ത്രി 10 മണിക്ക് തിരുവനന്തപുരത്ത് വച്ച്‌ യൂണിറ്റ് ചീഫുമാരുടെ യോഗം വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *