തിരുവനന്തപുരം> പാര്‍ലമെന്റ‌് തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന‌് കൈമാറി. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കേണ്ടന്ന ആര്‍എസ‌്‌എസ‌് കേന്ദ്ര നേത്രത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച‌് പട്ടികയില്‍ കുമ്മനത്തിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട‌്. മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന കുമ്മനത്തിന‌് നല്‍കും.
സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരത്താകും പരിഗണിക്കുക. സുരേഷ‌് ഗോപിയുടെ പേരും തിരുവനന്തപുരത്ത‌് പരിഗണിക്കുന്നുണ്ട‌്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കാസര്‍കോട‌്, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലും, എ എന്‍ രാധാകൃഷ്ണനെ തൃശൂരും പരിഗണിക്കുന്നുണ്ട‌്. പി കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ പാലക്കാട്ടും ആറ്റിങ്ങലും പരിഗണനയിലുണ്ട‌്.
തുഷാര്‍ വെള്ളാപ്പിള്ളി മത്സരിച്ചാല്‍ പട്ടികയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട‌്. എട്ടുസീറ്റ‌് ചോദിച്ച ബിഡിജെഎസിന‌് അഞ്ച‌് സീറ്റ‌് നല്‍കാമെന്ന‌് ബിജെപി നേതൃത്വം അറിയിച്ചിരുന്നു. ബിജെപി നിര്‍ദേശിക്കുന്ന ബിഡിജെഎസ‌് നേതാക്കള്‍ മത്സരരംഗത്ത‌് വരണമെന്ന ഉപാധിയാണ‌് ഇതിന‌് മുന്നോട്ടുവച്ചത‌്.
