സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ഉന്നത നിര്‍ദ്ദേശം, കാരണം വെളിപ്പെടുത്താതെ പൊലീസ്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം തിരുമല കുണ്ടമന്‍കടവിലുള്ള ആശ്രമവും വാഹനങ്ങളും കത്തിനശിപ്പിച്ച കേസില്‍ അന്വേഷണം തത്കാലം അവസാനിപ്പിക്കാന്‍ ഉന്നത നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. തത്കാലം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ഉദ്യോഗസ്ഥ‌ര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യം വെളിപ്പെടുത്താന്‍ ആരും തയ്യാറാകുന്നില്ല. കേസിലെ അന്വേഷണം നടക്കുന്നുവെന്നും എന്നാല്‍ പ്രതികളെക്കുറിച്ച്‌ സൂചനയില്ലെന്നുമുള്ള പതിവ് പല്ലവിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ രണ്ട് മാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് കേസ് ഡയറി സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് ഉന്നതര്‍ പറയുന്നത്.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലേക്ക് കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. രണ്ട് കാറുകളും സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിനടുത്ത് റീത്തും വച്ചിരുന്നു. ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്‌ടമുണ്ടായെന്നും സംഭവത്തിന് പിന്നില്‍ സംഘപരിവാറാണെന്നുമാണ് സന്ദീപാനന്ദഗിരിയുടെ ആരോപണം. ശബരിമല യുവതീ പ്രവേശനത്തിനെ അനുകൂലിച്ച്‌ സംസാരിച്ചതിന്റെ പേരിലാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി സംഭവത്തെ അപലപിക്കുകയും ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ടത്തില്‍ ശക്തമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *