കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്.
അങ്ങനെയെങ്കില്‍ കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറുണ്ടോ?- ഉമ്മന്‍ ചാണ്ടി ചോദിച്ചു.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
ഇത് വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിത്. മൃഗങ്ങളെ വെട്ടി കൊല്ലും പോലെ നിഷ്ഠുരമായാണ് രണ്ടു ചെറുപ്പക്കാരെ വെട്ടിനുറുക്കിയത്- അദ്ദേഹം തുറന്നടിച്ചു.
