മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുവാക്കള്‍ പരമ്ബരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിക്കണം. ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ രംഗത്തിറങ്ങണം. എല്ലാവരെയും നിശിതമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുകയും ഒരു ക്രിയാത്മക മനോഭാവം വളര്‍ത്തുകയും ചെയ്യണം. സാമൂഹികമായ തിന്മകള്‍, മതഭ്രാന്ത്, മുന്‍വിധികള്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ ആയിരിക്കണം യുവാക്കള്‍. സ്വപ്നം കാണാന്‍ ധൈര്യമുള്ളവരിലാണു രാജ്യത്തിന്റെ ഭാവിയെന്നും വെങ്കയ്യ പറഞ്ഞു.

കൊളോണിയല്‍ ചിന്താഗതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി മാറ്റുകയും യഥാര്‍ഥ ചരിത്രം, പുരാതന നാഗരികത, സംസ്‌കാരം, പൈതൃകം എന്നിവ പഠിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *