ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കും, ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് ഗ്രൂപ്പ് പോര് ; കെ സുരേന്ദ്രന് മൂന്‍തൂക്കം, കുമ്മനം ഉപാദ്ധ്യക്ഷനാകുമെന്ന് സൂചന

പത്തനംതിട്ട: പാര്‍ലമെന്റിലേക്കുള്ള മത്സരത്തില്‍ സംസ്ഥാനത്ത് ത്രികോണ മത്സരം പ്രതീക്ഷിച്ച്‌ പരാജയപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ത്രികോണ മത്സരം നേരിട്ടേക്കും. കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളുമായി ബിജെപി സംസ്ഥാന ഘടകത്തിലെ മൂന്ന് ഗ്രൂപ്പുകളും ഒരുങ്ങുന്നതായിട്ടാണ് വിവരം. ഏറ്റവും മുന്‍തൂക്കം മുരളീധരപക്ഷത്തിലെ കെ സുരേന്ദ്രന് തന്നെയാണ്.

ശ്രീധരന്‍ പിള്ളയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റിയേക്കും എന്നാണ് സൂചനകള്‍. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ലോ കമ്മീഷനിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. ഇതിനൊപ്പം ഗവര്‍ണര്‍ പദവിയിലേക്കും ശ്രീധരന്‍ പിള്ളയുടെ പേര് കേള്‍ക്കുന്നുണ്ട്.

ആലപ്പുഴയില്‍ നിന്നും നിര്‍ബ്ബന്ധം പിടിച്ച്‌ പത്തനംതിട്ടയിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ കെ സുരേന്ദ്രന് ഒരു ലക്ഷത്തോളം വോട്ട് അധികം നേടാനായതാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായാല്‍ പാര്‍ട്ടിക്ക് എങ്ങിനെ ഗുണകരമാകും എന്നത് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താന്‍ മുരളീധരപക്ഷത്തിന് സാധിച്ചാല്‍ സുരേന്ദ്രനാകും തലവന്‍.

കേന്ദ്രമന്ത്രി എന്ന നിലയില്‍ കെ മുരളീധരന്റെ സ്വാധീനം തന്നെയാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുക എന്നാണ് വിലയിരുത്തല്‍. മറുവശത്ത് നിലവിലെ അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വിഭാഗത്തിന്റെ താല്‍പ്പര്യം കെ.പി. ശ്രീശനാണ്.

പി കെ കൃഷ്ണദാസ് വിഭാഗത്തിന്റെ താല്‍പ്പര്യം എം.ടി. രമേശാണ്. അതേസമയം സംസ്ഥാന അദ്ധ്യക്ഷന്‍ ആരാകണേലും ആര്‍എസ്‌എസിന്റെ കൂടി താല്‍പ്പര്യം പരിഗണിക്കപ്പെട്ടേക്കും. നേരത്തേ ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും പൊതു സമ്മതനായ കുമ്മനം രാജശേഖരന്റെ പേര് ഉപാദ്ധ്യക്ഷ പദവിയിലേക്കും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തേക്ക് കുമ്മനത്തെ പരിഗണിക്കുന്നത് സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ ഇരിക്കുമ്ബോഴായിരുന്നു. കുമ്മനത്തെ തിരിച്ചു കൊണ്ടുവരാത്തതിന് കാരണം തെരഞ്ഞെടുപ്പ് പരാജയമാണെന്നാണ് കരുതുന്നത്.

പരമ്ബരാഗത നേതാക്കളെ ഇനി വേണ്ടെന്നും പുതുമുഖ നേതൃത്വങ്ങളാണ് ഇനി പാര്‍ട്ടിക്ക് വേണ്ടതെന്നുമുള്ള ഒരു ആശയം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിട്ടുണ്ട്. അംഗത്വ വിതരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ തന്നെ സംസ്ഥാന അദ്ധ്യക്ഷനെയും തെരഞ്ഞെടുത്തേക്കുക. ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആര്‍എസ്‌എസിന്റെ താല്‍പ്പര്യം കൂടി കെ സുരേന്ദ്രന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *