തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകരായ രണ്ട് യുവാക്കളുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും നിര്‍ദ്ദേശം നല്‍കി.
ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും കേരള പോലീസ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ഥികളായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടി കോഴിക്കോട് ഘടകവും മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
അറസ്റ്റിലായ യുവാക്കള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി ആളുകളും രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വീട്ടില്‍ നിന്ന് കിട്ടിയെന്ന വാദം തെറ്റാണെന്ന് അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തില്‍ പറഞ്ഞിരുന്നു. പൊലീസ് പ്രവര്‍ത്തിക്കുന്നത് ഇടത് സര്‍ക്കാരിന്റെ നയത്തിന് എതിരാണെന്നും സബിത ചൂണ്ടികാട്ടി. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കില്‍ ആദ്യം തന്നെ അറസ്റ്റ് ചെയ്യണമെന്നും സബിത പ്രമുഖ മാധ്യത്തോട് പറഞ്ഞു. യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ആവര്‍ത്തിക്കുമ്ബോഴും കേസ് കെട്ടിച്ചമച്ചതാണെന്ന അരോപണം കൂടുതല്‍ മുറുക്കുകയാണ് യുവാക്കളുടെ ബന്ധുക്കള്‍.
