മൂന്ന് ദിവസത്തെ ഉയര്‍ന്ന വിലയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയും ​ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 28720 രൂപയാണ്. ​ഗ്രാമിന് 3590 രൂപയാണ് നിരക്ക്. കേരളത്തില്‍ വില കുറഞ്ഞെങ്കിലും എം‌സി‌എക്‌സില്‍ ഇന്ന് സ്വര്‍ണ്ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 0.22 ശതമാനം ഉയര്‍ന്ന് 38,396 രൂപയിലെത്തി. കഴിഞ്ഞ ദിവസം 263 രൂപ ഇടിഞ്ഞിരുന്നു.

എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചര്‍ വിലയും ഇന്ന് 0.5 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 46,622 രൂപയായി. ആഗോള വിപണിയില്‍, യുഎസ്-ചൈന വ്യാപാര കരാര്‍ ഈ മാസം ഒപ്പുവെക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സ്വര്‍ണ്ണ വില ഇടിഞ്ഞത്. യുഎസ് ഡോളര്‍ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. യുഎസ് ഡോളറിന്റെ ഇടിവ് മറ്റ് രാജ്യങ്ങളില്‍ സ്വര്‍ണ്ണ വില കുറയാന്‍ കാരണമാണ്.

ഇന്ത്യയില്‍ സ്വര്‍ണ്ണ വില സെപ്റ്റംബറില്‍10 ഗ്രാമിന് 40,000 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 20 ശതമാനം വരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാനും കാരണമായി. ആഭ്യന്തര വിലയേക്കാള്‍ ഡീലര്‍മാര്‍ കഴിഞ്ഞയാഴ്ച ഔണ്‍സിന് 6 ഡോളര്‍ വരെ കിഴിവും സ്വര്‍ണത്തിന് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ സ്വര്‍ണ്ണ വിലയില്‍ 12.5% ​​ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നു. 2019 അവസാനത്തോടെ സ്വര്‍ണവില കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *