‘ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതം’; പ്രതിപക്ഷത്തിന്റെ കെണിയില്‍ ആരും വീഴരുതെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അമിത് ഷാ പറഞ്ഞു. ‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത് കൊണ്ട് അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്നില്ല? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് അക്രമം ഉണ്ടാവുന്നു’ ? ഇതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെന്നും, പ്രക്ഷോഭക്കാരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു.

സെലക്ടീവ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ആക്രമ സംഭവങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ ആരെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. പൊതുമുതല്‍ നശിപ്പിക്കുമ്ബോഴും ബസുകള്‍ കത്തിക്കുമ്ബോഴും പോലീസിന് നോക്കി നില്‍ക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷത്തിനും സിഎഎ എങ്ങനെ ബുദ്ധിമുട്ടാക്കുമെന്ന് പ്രിയങ്കാ ഗാന്ധി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുലും പ്രിയങ്കയും വിലകുറഞ്ഞ നുണപറയുകയാണ്. ക്ഷേമപദ്ധതികള്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനാണ് എന്‍പിആര്‍ നടപ്പാക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *