വാഷിംഗ്ടണ്‍: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ചാര തലവന്‍ അടക്കമുള്ള ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന് റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായ ജനറല്‍ കാസിം സുലൈമാനിയാണ് വധിക്കപ്പെട്ട സൈനികരുടെ കൂട്ടത്തിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് കാസിമിനെ അമേരിക്കന്‍ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാര്‍ത്ത പുറത്ത് വന്ന ശേഷം അമേരിക്കന്‍ പതാകയുടെ ചിത്രം ഉള്‍െപ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നിരുന്നു.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനകളുടെ തലവന്‍ അബു മെഹ്ദി മുഹന്ദിസം അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ സൈനിക സംഘത്തെ ലക്ഷ്യം വച്ചുകൊണ്ട് വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ സേന റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു.
ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിയ്ക്ക് നേരെ ഇറാഖി പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ ഇവര്‍ എംബസിക്കുള്ളിലേക്ക് കയറുകയും അമേരിക്കന്‍ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭത്തിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പകരമായാണ് റെവല്യൂഷനറി ഗാര്‍ഡ്സ് തലവനെ വധിച്ചുകൊണ്ട് അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
