അമേരിക്കയെ തൊട്ടാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും- മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കയുടെ വസ്തുവകകള്‍ക്ക് നേരെയോ ഇറാന്‍ ആക്രമണം നടത്തിയാല്‍ഇറാന്റെ 52 കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘ഇറാന്റെ 52 കേന്ദ്രങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇറാന് ഏറെ പ്രധാനപ്പെട്ടതും ഇറാനിയന്‍ സംസ്‌കാരവുമായി അടുത്തബന്ധമുള്ളവയുമാണിത്. അതെല്ലാം അതിവേഗത്തില്‍ തകര്‍ക്കും’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

അതിനിടെ, ശനിയാഴ്ച ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *