തിരുവനന്തപുരം: കൊറോണ വൈറസിനെ നേരിട്ട കേരള മോഡല്‍ പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍. വൈറസിനെ നേരിട്ട കേരള മോഡല്‍ പഠിക്കാന്‍ തെലങ്കാന സംഘം തലസ്ഥാനത്ത് എത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് തെലങ്കാനയില്‍ നിന്ന് എത്തിയിരിക്കുന്നത്. കേരളത്തില്‍ മൂന്ന് പേരിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരും രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
കൊറോണയെ നേരിടാന്‍ കേരളം സ്വീകരിച്ച മാതൃക പിന്തുടരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനും യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും മറ്റ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തെലങ്കാന സംഘം എത്തിയിരിക്കുന്നത്. തെലങ്കാനയില്‍ രണ്ട് പേരിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ഭീഷണിയെ തുടര്‍ന്ന് തെലങ്കാനയിലെ പ്രമുഖ ഐ.ടി കമ്ബനികളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സംഘം അവിടെ നിന്ന് മുതല്‍ പഠനം ആരംഭിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആരംഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഡെസ്‌കിന്റെ പ്രവര്‍ത്തരീതി സംഘം നേരിട്ട് മനസ്സിലാക്കി. സംസ്ഥാനത്ത് സ്വീകരിച്ച പ്രതിരോധ നടപടികള്‍ തെലങ്കാന സംഘത്തിന് വിശദീകരിച്ച് നല്‍കിയതായി പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ പറഞ്ഞു.
തെലങ്കാന സംഘം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും സന്ദര്‍ശനം നടത്തി. ആശുപത്രി ജീവനക്കാര്‍ക്ക് എപ്രകാരമുള്ള പരിശീലനമാണ് നല്‍കിയതെന്ന് സംഘം മനസിലാക്കി. സംസ്ഥാനത്ത് സ്വീകരിച്ച പരിശോധനാ പ്രോട്ടോക്കോളും നിരീക്ഷണ രീതികളും സംഘത്തിന് വിശദീകരിച്ചു.
