അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍

തവനൂര്‍: കെട്ടിവെക്കാന്‍ പണം നല്‍കിയ അമ്മമാരെ കാണാന്‍ മന്ത്രി കെടി ജലീല്‍ എത്തി. ഇവരുടെ പ്രാര്‍ത്ഥനയാണ് തന്റെ വിജയത്തിന് പിന്നിലെന്ന തവനൂര്‍ വൃദ്ധ സദനത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ച കെ ടി ജലീല്‍ പറഞ്ഞു. കെട്ടിവെക്കാനുള്ള കാശും അനുഗ്രഹവും നല്‍കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അയച്ച സ്‌നേഹനിര്‍ഭരമായ മനസ്സുള്ള ഈ അച്ഛനമ്മമാരുടെ ഇടയില്‍നിന്നും സ്‌നേഹാലയമായ തവനൂര്‍ വൃദ്ധസദനത്തില്‍ നിന്നാണ് മണ്ഡലത്തിലെ പൊതുപരിപാടിക്ക് കെടി ജലീല്‍ തുടക്കം കുറിച്ചത്. കെ.ടി.ജലീലിന് മത്സരിക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു. 92 വയസുകാരിയായ ടീച്ചറമ്മയാണ് ജലീലിന് തുക കൈമാറിയത്. മന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ ആദ്യ സന്ദര്‍ശനം ഇവരെ കാണായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വൃദ്ധ സദനത്തില്‍ എത്തിയ മന്ത്രിക്ക് സ്വീകരണവും ഏര്‍പ്പെടുത്തിയിരുന്നു. നിറഞ്ഞ മനസ്സോടെയാണ് അന്തേവാസികള്‍ മന്ത്രിയെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *