കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് പ്രവാസികളുമായി രണ്ടു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോയി. കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമാണ് സര്‍വിസ് നടത്തിയത്. 177 യാത്രക്കാരുമായി ശനിയാഴ്ച ഉച്ചക്ക് 2.39നാണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. 1.45നായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും ജലീബ് അല്‍ ശുയൂഖില്‍നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ് ഗതാഗതക്കുരുക്കില്‍ പെട്ടതിനാല്‍ ഒരുമണിക്കൂര്‍ വൈകുകയായിരുന്നു.ഹൈദരാബാദിലേക്കുള്ള വിമാനം വെള്ളിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും ഒരുക്കം പൂര്‍ത്തിയാവാത്തതിനാലും അനുമതി ലഭിക്കാത്തതിനാലും ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് മേയ് 14 നിശ്ചയിച്ച ആദ്യഘട്ട ദൗത്യത്തില്‍ കുവൈത്തില്‍നിന്ന് അഞ്ചു വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് മറ്റു വിമാനങ്ങള്‍. 80 ദീനാറാണ് ടിക്കറ്റ് നിരക്ക്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കുവൈത്ത് സിറ്റിയിലെ എയര്‍ ഇന്ത്യ ഒാഫിസിലെത്തി ടിക്കറ്റ് സ്വന്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, അര്‍ബുദ രോഗികള്‍, കുവൈത്തില്‍ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ കഴിയുന്ന രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്.
